തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി പിടിയിലായി. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി വലയിലായത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടക്കും.
കോളേജിലെ മറ്റ് വിദ്യാർത്ഥിനികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ചാണ് മോർഫിംഗ് നടത്തിയത്. AI ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചിത്രങ്ങൾ അശ്ലീല രൂപത്തിലാക്കുകയും തുടർന്ന് വ്യാജ അക്കൗണ്ടുകൾ വഴിയും മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയും പ്രചരിപ്പിക്കുകയുമായിരുന്നു. ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടികൾ കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകുകയായിരുന്നു.
സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ സാങ്കേതിക പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. കേസിൽ പ്രതിയായ വിദ്യാർത്ഥിക്കെതിരെ ഐ.ടി ആക്ട് ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.



