ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ മർദനക്കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടും, ആരോപണങ്ങൾ നിഷേധിച്ച് അജിത് കുമാർ നൽകിയ വിശദീകരണവും അടക്കമുള്ള രേഖകളാണ് സർക്കാരിന് സമർപ്പിക്കുന്നത്.
എസ്.ഐ.ടിയുടെ കണ്ടെത്തെലുകൾ ഗൗരവമുള്ളതാണെന്ന വിലയിരുത്തലിൽ അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചനകൾ. വരാനിരിക്കുന്ന ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും തീരുമാനം ഏറെ നിർണായകമാകും.



