വയനാട്: കേരളത്തിന്റെ കണ്ണ് നനയിച്ച, മനസ്സാക്ഷിയെ പിടിച്ചുലച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്സ്. 2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ആ കറുത്ത രാത്രിയുടെ ഓർമ്മകളിൽ വിതുമ്പുകയാണ് കേരളം. നൂറുകണക്കിന് മനുഷ്യരുടെ ജീവനും സ്വപ്നങ്ങളുമാണ് ഒറ്റ രാത്രികൊണ്ട് ആ മണ്ണിൽ ഒലിച്ചുപോയത്.
മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളെ പൂർണ്ണമായി തുടച്ചുനീക്കിയ ഈ ദുരന്തത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉറക്കത്തിലേക്ക് വഴുതിവീണ ഒരു ജനതയ്ക്ക് മേൽ മലവെള്ളവും കൂറ്റൻ പാറക്കല്ലുകളും കുതിച്ചെത്തിയ ആ ഭീതിജനകമായ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇന്നും കേരളത്തിന്റെ നെഞ്ച് നീറുകയാണ്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ പോലും പൂർണ്ണമായി കിട്ടാത്ത, തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനകളെ ആശ്രയിക്കേണ്ടി വന്ന നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീർ ഇനിയും തോർന്നിട്ടില്ല.
മായാത്ത മുറിവുകളും അതിജീവനത്തിന്റെ വഴികളും
രണ്ട് വർഷങ്ങൾ പിന്നിടുമ്പോഴും ദുരന്തബാധിതരുടെ ഉള്ളിലെ മുറിവുകൾ പൂർണ്ണമായി ഉണങ്ങിയിട്ടില്ല. എങ്കിലും, തളർന്നുപോയ ഒരു ജനത തിരികെ കയറാനുള്ള വലിയൊരു പരിശ്രമത്തിലാണ്. സർക്കാർ തലത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, നഷ്ട്ടപ്പെട്ട വീടുകളുടെയും ഉറ്റവരുടെയും ഓർമ്മകൾ അവശേഷിപ്പിച്ച ശൂന്യത വലുതാണ്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണ പുതുക്കാൻ വയനാട്ടിൽ വിവിധയിടങ്ങളിൽ ഇന്ന് സർവ്വമത പ്രാർത്ഥനകളും അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേരാണ് ഒത്തുകൂടിയിരിക്കുന്നത്. മഴക്കാലം എത്തുമ്പോൾ ഇന്നും ഭീതിയോടെയാണ് ഈ മലയോര ജനത ഓരോ രാത്രിയും തള്ളിനീക്കുന്നത്. പ്രകൃതി തീർത്ത വലിയൊരു നോവായി വയനാടിന്റെ മണ്ണിൽ ഈ ഓർമ്മകൾ എക്കാലവും മായാതെ നിലനിൽക്കും.



