ഛത്രപതി സംഭാജിനഗർ: നീറ്റ് പരീക്ഷാ വിവാദങ്ങൾക്കും ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി സമരങ്ങൾക്കും പിന്നാലെ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) രാഷ്ട്രീയ പാർട്ടിയാക്കാനുള്ള പദ്ധതികളില്ലെന്ന് നേതൃത്വം വ്യക്തമാക്കി. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു ജനകീയ ബദൽ ശക്തിയായി തുടരാനാണ് തീരുമാനം. ഇതിനിടെ പാർട്ടിയുടെ ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനുള്ള സിജെപിയുടെ നിർണായക ദേശീയ യോഗം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആരംഭിച്ചു.
പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വസതിയിലാണ് രണ്ടു ദിവസത്തെ യോഗം നടക്കുന്നത്. ദേശീയ വക്താക്കൾ, സംസ്ഥാന ഭാരവാഹികൾ, പ്രധാന പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
യോഗത്തിലെ പ്രധാന ചർച്ചകളും തീരുമാനങ്ങളും:
രാഷ്ട്രീയ പാർട്ടിയില്ല: സംഘടനയെ ഉടൻ ഒരു രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കില്ല. പകരം ക്യാമ്പസുകൾ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ പുതിയ യൂണിറ്റുകൾ ആരംഭിച്ച് വിദ്യാർത്ഥി മുന്നേറ്റമായി തുടരും.
രാജ്യവ്യാപക പര്യടനം: യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കുന്നതിനായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ലിസനിംഗ് ടൂറിൻ്റെ’ സമയക്രമം ഉടൻ പുറത്തുവിടും.
പുതിയ ക്യാമ്പയിൻ: ‘ക്യാ ബോൽത്തി പബ്ലിക്’ എന്ന പേരിൽ രാജ്യവ്യാപകമായി പുതിയ പ്രചാരണ പരിപാടികൾക്കും അംഗത്വ വിതരണത്തിനും തുടക്കം കുറിക്കുമെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി.
തുടർ സമരങ്ങൾ: ജാർഖണ്ഡ്, പഞ്ചാബ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും സിജെപി സജീവമായി ഇടപെടും.
വിദ്യാഭ്യാസ മേഖലയിലെ വൻകിട കച്ചവടവൽക്കരണത്തിനും കൊള്ളലാഭത്തിനുമെതിരെയും, വിദ്യാർത്ഥികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായും ദേശീയ തലത്തിൽ ഒരു സംയുക്ത സമരവേദി രൂപീകരിക്കുന്ന കാര്യവും യോഗം പ്രധാനമായും ചർച്ച ചെയ്യും.



