ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഏഞ്ചൽ വണ്ണിന്റെ (Angel One) സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിനേശ് തക്കർ മുംബൈയിലെ പ്രശസ്തമായ ജൂഹുവിൽ 711 കോടി രൂപയ്ക്ക് ആഡംബര പാർപ്പിട സമുച്ചയം സ്വന്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ഒറ്റ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
എംബസി ഡെവലപ്പേഴ്സ് നിർമ്മിക്കുന്ന ‘എംബസി ടെറാസ’ പദ്ധതിയിലെ 8 നിലകളുള്ള സമുച്ചയമാണ് ഇദ്ദേഹം വാങ്ങിയത്. ഏകദേശം 63,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കടലഭിമുഖ മന്ദിരം കുടുംബത്തിന്റെ സ്വകാര്യതയും വിശാലമായ ജീവിതസൗകര്യങ്ങളും മുൻനിർത്തിയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.



