പാർട്ടി വിട്ട 20 തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ലോക്സഭാ എം.പിമാരെ അയോഗ്യരാക്കണമെന്ന ഹർജികളിൽ തീരുമാനം എടുക്കാൻ 3 മാസം വൈകുന്നത് ആശങ്കാജനകമാണെന്ന് (റെഡ് ഫ്ലാഗ്) സുപ്രീം കോടതി. ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ ഹർജി പരിഗണിക്കവെ, വിഷയം വേഗത്തിൽ തീർപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയെ ഓർമ്മിപ്പിച്ചു.
സാധാരണ ഗതിയിൽ അയോഗ്യത ഹർജികളിൽ തീരുമാനമെടുക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് നൽകുന്ന മൂന്ന് മാസത്തെ കാലാവധി ഇതിനോടകം കഴിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു. അയോഗ്യതാ നടപടികൾ വൈകുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്നും ഭരണഘടനാപരമായ ചുമതല സ്പീക്കർ കൃത്യസമയത്ത് നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.



