സി.എം.ആർ.എൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയാൽ ഹൈക്കോടതിയെ സമീപിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം ശക്തമാക്കുന്നു. വിജിലൻസോ ക്രൈംബ്രാഞ്ചോ നേരിട്ട് എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് ഇ.ഡി സംസ്ഥാന പൊലീസിന് കത്ത് നൽകിയിരുന്നുവെങ്കിലും, നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലിയായി കൈപ്പറ്റിയെന്നും, ഈ തുക മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനി വഴിയും ഹവാല മാർഗ്ഗത്തിലൂടെയും വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇ.ഡി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ വ്യക്തമായ തെളിവുകൾ കൈമാറിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വിമുഖത കാണിക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ഇ.ഡി വിലയിരുത്തുന്നത്.



