ഓർഗാനിക് പ്രോഡക്‌ട്‌സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിനു പിന്നാലെ അമ്പായത്തോട്ടിൽ പ്ലാന്റിനെതിരായ സമരം ശക്തമാക്കി ജനകീയ സമര സമിതി. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ് കട്ട് പ്ലാന്റിലേക്ക് പോകുന്ന വഴിയിലേക്ക് പ്രക്ഷോഭവേദി മാറ്റി. പ്ലാന്റിലേക്ക് വാഹനങ്ങൾ എത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്‌തതിനു പിന്നാലെ തന്നെ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മഴയത്തും നൂറുകണക്കിനു പേരാണ് വെളളിയാഴ്ച പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. പി.കെ.ഫിറോസ് എംഎൽഎയും പ്രതിഷേധസമരത്തിന് പിന്തുണ അറിയിച്ചതായി സമരസമിതി പ്രവർത്തകർ പറഞ്ഞു.
കോടതി നിർദേശപ്രകാരം ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയിൽ നടത്തുന്ന തെളിവെടുപ്പിൽ പ്ലാൻ്റിൽ നിന്നുള്ള മലിനീകരണം സംബന്ധിച്ച വിഡിയോ തെളിവുകൾ കൂടി കൈമാറുമെന്ന് ജനകീയ സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു. 13 ന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഈ തെളിവുകൾ കൂടി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ആറു വർഷത്തോളമായി പ്ലാന്റിൽ നടക്കുന്ന മലിനീകരണം സംബന്ധിച്ച തെളിവുകൾ കോടതിയിൽ നേരത്തെ ഹാജരാക്കിയിരുന്നു. നൂറു ശതമാനവും ന്യായം നാട്ടുകാരുടെ പക്ഷത്താണ്. വരും ദിവസങ്ങളിലും പ്ലാൻ്റിനെതിരായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ തടയാൻ ജനകീയ സമിതി ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ പ്ലാന്റിലേക്ക് മാലിന്യം നിറച്ച വാഹനങ്ങൾ എത്താതെ നോക്കേണ്ട ചുമതല പൊലീസിനാണെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു



