പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും എന്‍സിപി നേതാവും മുൻ ഗവർണറുമായ ഡോ. ഡി.വൈ. പാട്ടീല്‍ (ജ്ഞാന്‍ദേവ് യശ്വന്ത്‌റാവു പാട്ടീല്‍ – 90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
മഹാരാഷ്ട്രയിലെ പ്രഗത്ഭനായ രാഷ്ട്രീയ നേതാവും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുമായ അദ്ദേഹം ബിഹാർ, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നിരവധി പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ഡി.വൈ. പാട്ടീൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) തുടക്കം കുറിച്ചത് അദ്ദേഹമാണ്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഡി.വൈ പാട്ടീൽ വിദ്യാപീഠ് അടക്കം ഒട്ടേറെ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളും സർവ്വകലാശാലകളും ഈ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസ – സാമൂഹിക രംഗങ്ങളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് 1991-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് എൻസിപിയിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.



