അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ അരങ്ങേറിയ പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്താൻ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്രൂരമായ അതിക്രമങ്ങൾക്ക് ഇരയായ വിദ്യാർത്ഥി സമൂഹത്തോടും രാജ്യത്തെ യുവജനങ്ങളോടും പ്രധാനമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും നീതികേടിനുമെതിരെ ശബ്ദമുയർത്തിയ ചെറുപ്പക്കാരുടെ ചോര വീഴ്ത്തുന്നതാണോ ഭരണകൂടത്തിന്റെ നീതിയെന്ന് അദ്ദേഹം ചോദിച്ചു. ചോദ്യം ചോദിക്കുന്നവരുടെ നാവും ചിന്തിക്കുന്ന തലച്ചോറുകളും തകർത്തുകൊണ്ട് ഭരണകൂട ഭീകരത സൃഷ്ടിക്കാനാണ് ശ്രമം. എന്നാൽ ഈ അടിച്ചമർത്തലുകൾക്ക് മുന്നിൽ വിദ്യാർത്ഥികൾ പിന്മാറില്ലെന്നും, നീതിക്കായുള്ള പോരാട്ടത്തിൽ പ്രതിപക്ഷം അവരുടെ ഒപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



