നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ലക്ഷ്യം കണ്ടതിന് ശേഷം തുടർ സമര പരിപാടികൾ ആലോചിക്കാൻ കോക്റോച്ച് ജനത പാർട്ടി (സിജെപി) ഒരുങ്ങുന്നു. മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും. ഓഗസ്റ്റ് അഞ്ചിനാണ് യോഗം നടക്കുക. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും. യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.



