2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളും ഔദ്യോഗിക ലോഗോയും പുറത്തുവിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ വൻകരയിലേക്ക് തിരിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുക. 14 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ആകെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ സിംബാബ്‌വെയിലെ വിക്ടോറിയ ഫോൾസിന് സമീപം പുതുതായി നിർമിച്ച മോസി-ഓ-തുന്യ ഇന്‍റർനാഷണൽ സ്റ്റേഡിയം ലോകകപ്പ് മത്സരവേദി പ്രഖ്യാപനത്തിലെ പ്രധാന ആകർഷണമാണ്.
ദക്ഷിണാഫ്രിക്കയില്‍ 8 ഗ്രൗണ്ടുകളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. വാണ്ടറേഴ്സ് സ്റ്റേഡിയം (ജോഹന്നസ്ബർഗ്), സൂപ്പർസ്പോർട്ട് പാർക്ക് (സെഞ്ചൂറിയൻ), ന്യൂലാൻഡ്സ് (കേപ് ടൗൺ), കിങ്സ്മീഡ് (ഡർബൻ), സെന്‍റ് ജോർജ് പാർക്ക് (ഗെബെഹ), മംഗാങ് ഓവൽ (ബ്ലൂംഫോണ്ടെയ്ൻ), ബോലാണ്ട് പാർക്ക് (പാർൾ), ബഫലോ പാർക്ക് (കിഴക്കൻ ലണ്ടൻ / കൂഗോമ്പോ).
സിംബാബ്‌വെയില്‍ 3 ഗ്രൗണ്ടുകളാണ് ലോകകപ്പിന് വേദിയാകുന്നത്. മോസി-ഓ-തുന്യ ഇന്‍റർനാഷണൽ സ്റ്റേഡിയം (വിക്ടോറിയ ഫോൾസ്), ഹരാരെ സ്പോർട്സ് ക്ലബ് (ഹരാരെ), ക്വീൻസ് സ്പോർട്സ് ക്ലബ് (ബുലവായോ) എന്നിവയാണ് സിംബാബ്‌വെയിലെ വേദികള്‍. നമീബിയയില്‍ ഒരു ഗ്രൗണ്ടില്‍ മാത്രമാണ് മത്സരമുള്ളത്. വിൻഡ്ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടാണ് ലോകകപ്പിന് വേദിയാകുക.



