ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു രക്തം വാഗ്ദാനം ചെയ്തു പണം വാങ്ങി തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ ആശുപ്രതികളിൽ അടിയന്തര ശസ്ത്രക്രിയകൾക്കു രക്തം തേടുന്നവരിൽനിന്നു യാത്രാച്ചെലവിനും ഭക്ഷണത്തിനുമെന്ന പേരിൽ പണം വാങ്ങിയശേഷം മുങ്ങുന്നതാണു തട്ടിപ്പിന്റെ രീതി. പണം ഓൺലൈനായാണു വാങ്ങുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ കുന്നംകുളം സ്വദേശിയുടെ പക്കൽനിന്ന് ഇന്നലെ ഇത്തരത്തിൽ പണം തട്ടി. ബന്ധുക്കളുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.
രക്തദാനവുമായി ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പുകളിലും കൂട്ടായ്മകളിലും നുഴഞ്ഞുകയറിയാണു തട്ടിപ്പുകാരുടെ പ്രവർത്തനം. രക്തം ആവശ്യമുള്ള രോഗിയുടെയോ കൂട്ടിരിപ്പുകാരുടെയോ നമ്പറുകളിൽ ബന്ധപ്പെട്ടു രക്തം നൽകാമെന്ന് അറിയിക്കും.
വണ്ടിക്കൂലിക്കും ഭക്ഷണത്തിനും പണം മുൻകൂർ ആവശ്യപ്പെടും. 1000 രൂപ മുതലുള്ള ചെറിയ തുകയാണ് ആവശ്യപ്പെടുക.



