Recent News

പ്ലാസ്റ്റിക് നോട്ടുകളിലേക്ക് ഇന്ത്യയും. 10, 20 രൂപ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ എത്തും

പ്ലാസ്‌റ്റിക് നോട്ടുകൾ
പരീക്ഷിക്കുന്നതിന്റെ ഭാഗമായി 10
രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.
ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ആകെ 3,000 കോടി രൂപയുടെ നോട്ടുകളാണ് ഇതിലൂടെ വിപണിയിലെത്തിക്കുക.

ഇതു സംബന്ധിച്ച് ആർബിഐ കേന്ദ്രത്തിന് അയച്ച നിർദേശം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കടലാസ് നോട്ടുകൾക്കൊപ്പം പ്ലാസ്‌റ്റിക് നോട്ടുകളും വിതരണം ചെയ്യാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. കടലാസ് നോട്ടുകൾക്ക് പകരം പൂർണമായി പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരാൻ നിലവിൽ പദ്ധതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നോട്ടുകൾ അച്ചടിക്കുന്നതിനായി 3.4 കോടി പോളിമർ ഷീറ്റുകൾ ലഭ്യമാക്കുന്നതിന് ആർബിഐയുടെ ഉടമസ്ഥതയിലുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് ജൂലൈ 17ന് ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു. പ്ലാസ്‌റ്റിക്‌ നോട്ടുകൾ പരീക്ഷിക്കാനുള്ള ആർബിഐയുടെ രണ്ടാമത്തെ ശ്രമമാണിത്. 2009 സെപ്റ്റംബറിൽ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ നിർമിക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നാൽ നടപടികൾ മുന്നോട്ട് പോയില്ല.

1988ൽ ഓസ്ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്. ഇപ്പോൾ 50ലധികം രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കടലാസ് നോട്ടുകളേക്കാൾ വളരെ മെച്ചപ്പെട്ടതായാണ് ഇവയെ പൊതുവേ കണക്കാക്കുന്നത്. രാജ്യാന്തര പഠനങ്ങൾ അനുസരിച്ച് പ്ലാസ്റ്റിക് നോട്ടുകളുടെ ആയുസ്സ് കടലാസ് നോട്ടുകളേക്കാൾ വളരെ കൂടുതലാണെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.