ചരിത്രത്തിലെവിടെയും വലിയ മാറ്റങ്ങളുടെ മുന്നണിപ്പോരാളികൾ എന്നും യുവത്വവും വിദ്യാർത്ഥികളുമായിരുന്നു. അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുമ്പോൾ, വ്യവസ്ഥിതിയുടെ തെറ്റുകളെ ചോദ്യം ചെയ്ത് തെരുവിലിറങ്ങാൻ അവർ ഒട്ടും മടി കാണിച്ചിട്ടില്ല. “ജബ് ജബ് യുവ സഡകോം പർ ആയാ, ഇതിഹാസ് ബദൽ ഗയാ” (എപ്പോഴൊക്കെ യുവത്വം തെരുവിൽ നിറഞ്ഞോ, അപ്പോഴൊക്കെ മാറിയതാണ് ചരിത്രം) എന്ന മുദ്രാവാക്യം വെറുമൊരു വാക്കല്ല; അത് അടിച്ചമർത്തലുകൾക്കെതിരെ ഉയർന്നുവന്ന ഓരോ ജനകീയ മുന്നേറ്റത്തിന്റെയും ഓർമ്മപ്പെടുത്തലാണ്.
അധികാരത്തിന്റെ ലാത്തിക്കും ഭീഷണികൾക്കും മുന്നിൽ ചോദ്യം ചോദിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്. ചോദ്യപേപ്പറുകൾ ചോരുകയും, വിദ്യാഭ്യാസ രംഗം കച്ചവടവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ, അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളുടെ രക്തം വീഴുന്നത് ജനാധിപത്യത്തിന്റെ മുഖത്തേറ്റ വലിയൊരു മുറിവാണ്. ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പാഠപുസ്തകങ്ങളിൽ പഠിപ്പിച്ചു കൊടുക്കുകയും, എന്നാൽ സ്വന്തം അവകാശങ്ങൾക്കായി തെരുവിലിറങ്ങുന്നവരെ ലാത്തികൊണ്ട് നേരിടുകയും ചെയ്യുന്ന ക്രൂരമായ ശൈലി അംഗീകരിക്കാനാവില്ല.
പക്ഷേ, ലാത്തികൊണ്ട് തലച്ചോറ് തകർത്താലും അനീതിക്കെതിരെ ഉയരുന്ന നാവിനെ പൂർണ്ണമായി നിശ്ശബ്ദമാക്കാൻ ആർക്കും കഴിയില്ല. ഓരോ അടിച്ചമർത്തലും അതിനേക്കാൾ വലിയ പ്രതിരോധത്തിനാണ് വഴിതുറക്കുന്നത്. ഇന്ന് തെരുവിൽ വീഴുന്ന ഓരോ തുള്ളി ചോരയും, നാളെയുടെ നീതിപൂർവ്വമായ ഒരു സമൂഹത്തിനായുള്ള വലിയൊരു വൻപ്രതിരോധമായി മാറുക തന്നെ ചെയ്യും. പോരാട്ടങ്ങളിലൂടെയല്ലാതെ ഒരു അവകാശവും നേടിയിട്ടില്ലെന്ന തിരിച്ചറിവോടെ മുന്നേറുന്ന ഈ യുവത്വത്തിലാണ് നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷ നിലനിൽക്കുന്നത്!


