ആകാശച്ചുഴിയിൽപെട്ട എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാൾ ലഹരി മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് 5-നാണ് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടത്. സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു. വിമാനം ഏകദേശം അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയിൽ അകപ്പെടുകയും പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയും ചെയ്തതാണ് ഇത്രയധികം ആളുകൾക്ക് പരിക്കേൽക്കാനിടയായത്. ഈ സംഭവത്തിന് ശേഷം അതിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ പരിശോധനയിലാണ് വിവരങ്ങൾ വെളിപ്പെട്ടത്. സംഭവത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്.



