Recent News

‘മെസി’ തട്ടിപ്പ്: എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ എസ്.ഐ.ടി.

‘മെസി’ തട്ടിപ്പ്: എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ എസ്.ഐ.ടി.; മുൻ മന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന

കത്തിടപാടുകൾ പരിശോധിക്കും; ഔഷധിയിലേക്കും വിജിലൻസ് അന്വേഷണം? എക്സൈസിലും മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും ക്രമക്കേട് ആരോപണം; അഴിമതിക്കെതിരെ ചെന്നിത്തലയുടെ നീക്കം

തിരുവനന്തപുരം: അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങളിൽ ശക്തമായ അന്വേഷണവുമായി യുഡിഫ് സർക്കാർ മുന്നോട്ട്. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ആരോപണങ്ങൾ അന്വേഷിക്കാൻ എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചു.

ഐ.ജി. സതീഷ് ബിനോയ്, രണ്ട് എസ്.പി.മാർ, നാല് ഡെപ്യൂട്ടി എസ്.പി.മാർ എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് നടത്തിയ പരിശോധനയിൽ ലഭിച്ച കണ്ടെത്തലുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

മുൻ മന്ത്രിയിലേക്കും അന്വേഷണം?

മെസിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. മുൻ കായികമന്ത്രിയുടേയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലുകളും അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന.

മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്തിടപാടുകൾ ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. എന്നാൽ, അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ആരെയും കുറ്റക്കാരായി കണക്കാക്കാനാകില്ല.

സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലും ചോദ്യങ്ങൾ

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറിലേർപ്പെടുന്നതിനായി ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിലെ നടപടിക്രമങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

താൽപര്യപത്രം ക്ഷണിച്ചിരുന്നോ, കമ്പനിയുടെ സാമ്പത്തിക ശേഷിയും വിപണിമൂല്യവും ഫണ്ടിന്റെ ഉറവിടവും പരിശോധിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമാകും.

സ്പോൺസറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും നികുതി വെട്ടിപ്പിലും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വിവിധ അന്വേഷണ ഏജൻസികളും വിഷയത്തിൽ പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് എസ്.ഐ.ടി. അന്വേഷണം ആരംഭിക്കുന്നത്.

മെസി വിവാദത്തിന് പുറമെ ഔഷധി, എക്സൈസ്, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങളിലും പരിശോധന ശക്തമാകുമെന്നാണ് സൂചന.

അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾക്കും ഔദ്യോഗിക പദവിയുടെ ദുരുപയോഗത്തിനും തെളിവുകൾ ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾക്ക് വഴിയൊരുങ്ങും.

എന്നാൽ നിലവിൽ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അന്വേഷണ വിധേയമാണ്. എസ്.ഐ.ടി.യുടെ അന്വേഷണവും തുടർനടപടികളും പൂർത്തിയായ ശേഷമേ ആരോപണങ്ങളുടെ യഥാർഥ വസ്തുത പുറത്തുവരൂ.

അഴിമതി ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്:

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.