ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ കംഗൻ മേഖലയിലുണ്ടായ ബസ് അപകടത്തിൽ അമർനാഥ് തീർഥാടകരായ 39 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു.
അമർനാഥ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഹരിഗൺവാൻ പ്രദേശത്തെ ഒരു വീടിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം.
അപകടത്തിൽ വീട് ഗുരുതരമായി തകർന്നെങ്കിലും, അതുതന്നെയാണ് ബസ് സമീപത്തുള്ള സിന്ധ് നദിയിലേക്ക് മറിഞ്ഞുവീഴുന്നത് തടഞ്ഞത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റ 39 പേരെയും പ്രദേശവാസികളും സുരക്ഷാസേനാംഗങ്ങളും ചേർന്ന് ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവർക്ക് ചികിത്സ നൽകിവരികയാണെന്നും അധികൃതർ അറിയിച്ചു.



