പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. 67 ദിവസത്തിനുശേഷമാണ് ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തോ അതിൻ്റെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്
കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായതായും പ്രതികളിൽ നിന്ന് ആയുധങ്ങൾ അടക്കം കണ്ടെടുത്ത് കഴിഞ്ഞതായും കോടതി വിലയിരുത്തി. ഇനിയും ഇവർ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴ് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കൂടാതെ, ഇഡി ഉദ്യോഗസ്ഥർക്ക് ഉണ്ടായ പരിക്കുകൾ കോടതി പരിശോധിക്കുകയും ഒരു ഡ്രൈവർക്ക് ഉണ്ടായ നിസാര പരിക്കല്ലാതെ മറ്റ് സാരമായ പരിക്കുകൾ ഇല്ലെന്ന് വിലയിരുത്തുകയും ചെയ്തു



