ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം.പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി കെ കോളനിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അപകടത്തിൽ ആറുപേരാണ് ഒഴുക്കിൽപ്പെട്ടത്. നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ഞായറാഴ്ചയായതിനാൽ നിരവധി പേരാണ് ഇവിടം കാണാനും പുഴയിൽ കുളിക്കാനുമെല്ലാമായി എത്തിയിരുന്നത്.
പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മരിച്ചവരിൽ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.
നിലമ്പൂർ ഡിവൈഎസ്പി റഫീഖിന്റെ നേതൃത്വത്തിൽ കാളികാവ്, പൂക്കോട്ടുംപാടം പോലിസ് സബ് ഇൻസ്പെക്ടർ വി മനോജ് കുമാർ, അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സംഘവും ചക്കിക്കുഴി വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ദിവാകരനുണ്ണിയും സംഘവും നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി പി അഫീഫയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി.



