Recent News

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല, മലയാളികളെക്കുറിച്ച് സൂചനയില്ല

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി ഉയർന്നു. 583 വിദേശ പൗരന്മാരെ ഇപ്പോഴും കാണാനില്ലെന്ന് നേപ്പാൾ അറിയിച്ചു. ഇന്നലെ മൂന്ന് ഇന്ത്യക്കാരെ കൂടി രക്ഷിച്ചു. രക്ഷാദൗത്യത്തിിൽ സഹകരിക്കുന്നതിന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ചു

നേപ്പാളിൽ രക്ഷാദൗത്യം തുടരുമ്പോൾ കാണാതായവരെ കുറിച്ചുള്ള പ്രതീക്ഷ മങ്ങുകയാണ്. ഇതുവരെ രക്ഷിച്ചത് 11,993 പേരെ എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. 21,314 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരച്ചിലിനും രക്ഷാദൗത്യത്തിനുമായി നേപ്പാൾ നിയോഗിച്ചിരിക്കുന്നത്. 583 വിദേശികൾ ഉൾപ്പെടെ 4,875 പേരെ ഇനിയും കണ്ടെത്താനുണ്ട്. മൂന്ന് ഇന്ത്യക്കാരെ ഇന്നലെ രക്ഷിക്കാനായി. ഇതോടെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 166 ആണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ മലയാളികളെ കുറിച്ചും പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല. മരിച്ചവരുടെ പട്ടികയിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ ഇതുവരെ സർക്കാർ സ്ഥിരീകരണം നൽകിയിട്ടില്ല. ഡിഎൻഎ പരിശോധന തുടരുന്നു എന്നാണ് വിശദീകരണം.

ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതുവരെ 352 മൃതദേഹങ്ങൾ ഇവിടെനിന്ന് മാത്രം കണ്ടെത്തി. ബന്ധുക്കളെ നഷ്ടപ്പെട്ടവർ നേപ്പാളിൽ പലയിടത്തും പ്രതീകാത്മക സംസ്കാരവും പൂജയും നടത്തുകയാണ്. നേപ്പാളിലെ സുൻകോശി, മഹാകാളി നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ത്യ അടക്കം രാജ്യങ്ങൾ നൽകുന്ന ധനസഹായം കാലാവസ്ഥാ വ്യതിയാനത്തിനുള്ള നഷ്ടപരിഹാരമായി കണക്കാക്കിയാൽ മതിയെന്ന നേപ്പാൾ വിദേശകാര്യമന്ത്രി ഷിസിർ ഖനാലിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയ്ക്കും ചൈനയ്ക്കും രക്ഷാ ദൗത്യത്തെ സഹായിക്കുന്നതിന് നന്ദി രേഖപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അതൃപ്തി പരിഹരിക്കാനുള്ള നീക്കം തുടങ്ങി. കാലാവസ്ഥാ വ്യതിയാനമാണ് ഈ ദുരന്തങ്ങൾക്ക് കാരണമാകുന്നത് എന്നത് വസ്തുതയാണെന്നും ബാലേന്ദ്ര ഷാ പറഞ്ഞു. 74 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇതുവരെ ഇന്ത്യ നേപ്പാളിലേക്ക് അയച്ചത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.