ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത വെള്ളക്കെട്ടും ദുരിതാശ്വാസ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അതത് ജില്ലാ ഭരണകൂടങ്ങളുടെ ഉത്തരവ്.
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ അവധി നൽകിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ തീരുമാനം. എന്നാൽ ജില്ലയിലെ മറ്റ് സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായിരിക്കും.



