ബിഹാറിലെ ഗയ ജില്ലയില്‍ സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി വിദ്യാര്‍ത്ഥികള്‍. സിമുവാര മിഡില്‍ സ്കൂളിലെ ആറു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. നാല് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി തേക്കാരി എസ്ഡിഎം ഓഫീസിലെത്തിയ വിദ്യാര്‍ത്ഥികള്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉടനടി തന്നെ വിദ്യാഭ്യാസ വകുപ്പ് പ്രശ്നത്തില്‍ ഇടപെട്ടു.
വിവിധ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമേ സ്കൂള്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അധികൃതര്‍ നല്‍കിയിട്ടുണ്ട്. മതിയായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ പ്രതിഷേധം നടത്തിയ ദിവസത്തെ ശമ്പളം കട്ട് ചെയ്യുമെന്നും സ്കൂള്‍ അധികൃതരെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം, കുടിവെള്ളം, ശൗചാലയം, വൈദ്യുതി, ക്ലാസ് റൂമുകളില്‍ ഫാനുകള്‍, യുണിഫോമുകള്‍, അധ്യാപകരുടെ എണ്ണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കിയ തേക്കാരി എസ്ഡിഎം പ്രവീണ്‍ കുന്തന്‍, മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
അമ്പതോളം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഈ സമയം എസ്ഡിഎം ഓഫീസിലുണ്ടായിരുന്നില്ല. ഇതോടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് കുട്ടികളുടെ പരാതി കേട്ടത്. പിന്നീട് എസ്ഡിഎം വന്നതിന് ശേഷം മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘത്തോട് അദ്ദേഹം സംസാരിച്ചു. അധ്യാപകരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചത്.



