ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടയിൽ ചോദ്യപേപ്പർ വാട്‌സ്ആപ്പിൽ പ്രചരിച്ചെന്ന് പരാതി. സംഭവത്തെ തുടർന്ന് അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഓൾ ഒഡീഷ മെഡിക്കൽ പിജി പരീക്ഷ ജൂലായ് 27നാണ് നടന്നത്. എംഎസ്/എംഡി ബാച്ചിന്റെ ജനറൽ സർജറി സെക്കൻഡ് പേപ്പറിന്റെ ചോദ്യപേപ്പറാണ് പിജി വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചത്.
പരീക്ഷ നടക്കുന്നതിനിടെ ചില ഫോൺ നമ്പറുകളിൽ നിന്നും പരീക്ഷയുടെ ഉത്തരങ്ങൾ സർക്കുലേറ്റ് ചെയ്തതായും വിവരമുണ്ട്. ഭുവനേശ്വറിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി തനിക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ലഭിച്ചുവെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. ബർഹാംപൂർ എംകെസിജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഒരു വിദ്യാർത്ഥി ക്രിയേറ്റ് ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് തനിക്ക് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ലഭിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു.
ഇവിടെ സംഭവിച്ചത് ചോദ്യപേപ്പർ ചോർച്ചയല്ല. പരീക്ഷ നടക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ ചോർന്നിട്ടില്ല, അങ്ങനെയെങ്കിൽ മാത്രമേ ചോർച്ച ഉണ്ടായി എന്ന് പറയാൻ സാധിക്കു. ഇവിടെ പരീക്ഷാ ഹാളിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തായത്. സ്ഥിരമായി നടത്താറുള്ള പരിശോധനകൾ നടത്തിയിട്ടും മൊബൈൽ ഫോണിന് അനുമതി നൽകാതിരുന്നിട്ടും എന്ത് തരം ഇലക്ട്രോണിക്ക് ഉപകരണമാണ് ഇവർ ഉപയോഗിച്ചതെന്നതാണ് അത്ഭുതപ്പെടുത്തുന്നത്’, ദാലൈ പറഞ്ഞു.



