മലപ്പുറം: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം ആറുവരിപ്പാതയിലുണ്ടായ ദാരുണമായ ബസ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിലാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് (NATPAC), എൻ.എച്ച്.എ.ഐ. തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഞായറാഴ്ച രാവിലെ കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തിയ ലിമിറ്റഡ് സ്റ്റോപ്പ് പ്രൈവറ്റ് ബസ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിനും റെയിൽവേ മേൽപ്പാലത്തിനും സമീപം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടകാരണങ്ങൾ വിശദമായി പരിശോധിക്കാനാണ് പ്രത്യേക സംഘത്തിന് ചുമതല നൽകിയിരിക്കുന്നത്. ബസിന്റെ അമിതവേഗത, സാങ്കേതിക തകരാറുകൾ, ടയർ പൊട്ടിയതാണോ കാരണം, റോഡിന്റെയും ഡിവൈഡറുകളുടെയും രൂപകൽപ്പനയിലെ അശാസ്ത്രീയത എന്നിവയുൾപ്പെടെയുള്ള എല്ലാ വശങ്ങളും സംഘം സമഗ്രമായി അന്വേഷിക്കും. ഗതാഗതമന്ത്രിയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പും പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



