യുഡിഎഫ് സർക്കാർനടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് അഭ്യർഥിച്ചു തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹർജി ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ചു പുതിയ നിയമ പോരാട്ടത്തിനു കളം തെളിഞ്ഞു.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി.ആലപ്പാട്ടാണു ഹർജി സമർപ്പിച്ചത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതു സ്വകാര്യ ബസുകളുടെ മത്സര ക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആർടിസിക്കു മാത്രം നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നുമാണു ഹർജിയിലെ പരാതി.



