മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത് കുമാറിന്റെ (49) അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനം. കൊല്ലത്തെ കുരീപ്പുഴ വാർഡിലെ കോൺഗ്രസ് കൗൺസിലറായ അജിത് കുമാറിന്റെ 5 അവയവങ്ങളാണ് മറ്റ് രോഗികൾക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്യുന്നത്.
ചികിത്സയിൽ കഴിയവേ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അവിവാഹിതനായ ബി. അജിത് കുമാർ ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു.
കടുത്ത ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി കൈക്കൊണ്ട ഈ തീരുമാനം നാടിനാകെ മാതൃകയായി മാറിയിരിക്കുകയാണ്.



