ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടിയിൽനിന്ന് രാജിവച്ചു. ബിജെപിയുടെ ഉന്നത നേതൃത്വത്തിന് അദ്ദേഹം രാജി സമർപ്പിച്ചതായും വ്യക്തിപരമായ കാരണങ്ങളാണു തീരുമാനത്തിനു പിന്നിലെന്നുമാണു വിവരം. സിഎൻഎൻ-ന്യൂസ് 18 ആണ് സ്രോതസുകളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസവും വിവിധ വിഷയങ്ങളിൽ ബിജെപിക്കു വേണ്ടി അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.
ഷെഹ്സാദ് പൂനാവാലയുടെ രാജി സംബന്ധിച്ചു പാർട്ടിയിൽനിന്നോ പൂനാവാലയിൽനിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈലിലെ വിവരങ്ങളിൽനിന്ന് ബിജെപിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.



