തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയേക്കുമെന്ന് സൂചന. കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ (KSEB) പുതിയ തീരുമാനം. അതേസമയം, വേനൽച്ചൂടിനും വൈദ്യുതി പ്രതിസന്ധിക്കും ഇടയിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടുതൽ വൈദ്യുതി കണ്ടെത്താൻ സാധിച്ചതോടെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രാത്രിയിലെ പവർകട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഇതിനിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് എത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.



