അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ സംഭാവനാ തട്ടിപ്പ് കേസ് രാഷ്ട്രീയവല്‍കരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് എസ്‌ഐടി പുനസംഘടിപ്പിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ഗുരുതരമായ വിഷയമായാണ് സുപ്രീം കോടതി കേസിനെ നിരീക്ഷിക്കുന്നത്. സംഭാവനാ കൊള്ളയിലെ അന്വേഷണ പുരോഗതിയും എസ്‌ഐടി ഇന്ന് സുപ്രീം കോടതിയില്‍ നല്‍കും. കാണിക്ക എണ്ണുന്നതിന് അടക്കം നിയോഗിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു എന്ന കാര്യമാണ് എസ്‌ഐടി സുപ്രീം കോടതിയെ അറിയിക്കുക. കൂടാതെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളേയും ഭൂമി ഇടപാടുകളേയും സംബന്ധിച്ച വിശദാംശങ്ങളും എസ്‌ഐടി ഇന്ന് സുപ്രീം കോടതിയില്‍ നല്‍കും



