കേരളീയ സാമൂഹിക രൂപവത്കരണത്തെയും ആധുനികതയെയും കുറിച്ചുള്ള വായനകളിൽ ശ്രീനാരായണ ഗുരു പലപ്പോഴും ഒരു ആത്മീയഗുരുവായോ അല്ലെങ്കിൽ ഒരു പ്രത്യേക സാമുദായിക വിപ്ലവത്തിന്റെ ആചാര്യനായോ മാത്രമാണ് അടയാളപ്പെടുത്തപ്പെടാറുള്ളത്. എന്നാൽ പരമ്പരാഗത വായനകൾക്കപ്പുറം, ഗുരുവിനെ ഒരു സാമൂഹിക തത്ത്വചിന്തകനായും ആധുനിക പൗരത്വബോധത്തിന്റെ തത്ത്വശാസ്ത്രജ്ഞനായും വായിക്കേണ്ടതുണ്ട്.
ജാതി ഒരാളുടെ ജനനംകൊണ്ട് അയാളുടെ സാമൂഹികസ്ഥാനം, പദവി, തൊഴിൽ, വിദ്യാഭ്യാസം, ആരാധന, ഭക്ഷണം, വാസസ്ഥലം, ബന്ധങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളെയും നിർവചിച്ചിരുന്ന കാലത്താണ് ഗുരു ജീവിച്ചത്. ഈ നികൃഷ്ട സവർണബോധത്തെയാണ് ഗുരു മതചിഹ്നങ്ങളെത്തന്നെ ആയുധമാക്കി തിരുത്തിക്കുറിച്ചത്. മനുഷ്യർ ആദ്യം മനുഷ്യരാണെന്നും അന്തസ്സാണ് അവരുടെ സത്വത്തെ നിർവചിക്കുന്നത് എന്നും ജാതി അതിനുമേൽ അടിച്ചേൽപ്പിച്ച മനുഷ്യത്വരഹിതമായ സാമൂഹിക അടയാളം മാത്രമാണെന്നും അദ്ദേഹം ജീവിതംകൊണ്ട് പ്രഖ്യാപിച്ചു.
ആചാരങ്ങൾ, ദൈവസങ്കല്പങ്ങൾ, സംസ്കൃതഭാഷ തുടങ്ങിയ ബ്രാഹ്മണിക് അധീശത്വം സ്വന്തമാക്കി വെച്ചിരുന്ന പ്രതീകങ്ങളെത്തന്നെ സ്വാംശീകരിച്ചുകൊണ്ട് ആ സർവാധിപത്യത്തെ അകത്തുനിന്ന് തകർത്ത തികച്ചും വിപ്ലവാത്മകമായ ഒരു പ്രതിരോധതന്ത്രമായിരുന്നു ഗുരു അവലംബിച്ചത്. അദ്വൈതവേദാന്തത്തെ ആകാശത്തുനിന്ന് മണ്ണിലേക്കിറക്കി, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യന്റെ അന്തസ്സുറ്റ സ്വത്വബോധം വീണ്ടെടുക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റി എന്നതാണ് ഗുരുവിന്റെ ഏറ്റവും വലിയ മൗലികത.



