ന്യൂഡൽഹി: കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അനിയന്ത്രിതമായി ഉപയോഗിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. 12 ഉം 13 ഉം വയസ്സുള്ള കുട്ടികൾക്ക് എങ്ങനെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകുന്നതെന്ന് കോടതി ചോദിച്ചു. കുട്ടികൾക്ക് അക്കൗണ്ടുകൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിയമപരമായ ഇടപെടലുകളും ചട്ടങ്ങളും ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു.
ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയ ഇടനിലക്കാരും (Social Media Intermediaries) രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശനമായ നിയമസംവിധാനങ്ങൾ (Statutory Framework) കൊണ്ടുവരണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. നിലവിലുള്ള നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കരാറുകളിൽ ഏർപ്പെടാൻ നിയമപരമായ ശേഷിയില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാണിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ അക്കൗണ്ട് രജിസ്ട്രേഷനിൽ സുരക്ഷിതമായ പ്രായപരിശോധനയും രക്ഷാകർതൃ സമ്മതവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര സർക്കാർ അനുയോജ്യമായ നിയമഭേദഗതികളോ പുതിയ മാർഗനിർദ്ദേശങ്ങളോ കൊണ്ടുവരുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.


