കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിന് പ്രമുഖ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപായം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം അരയടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക് അശ്വന്ത് കോക്ക് ഓടിച്ചുവന്ന ഥാർ (Thar) ജീപ്പ് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ച ഇയാളെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



