തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഇതിനുപുറമെ, സംസ്ഥാനത്തെ തീരമേഖലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ‘കള്ളക്കടൽ’ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



