നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങളും മോശം പെരുമാറ്റവും വർധിച്ച സാഹചര്യത്തിൽ നടപടികൾ കർശനമാക്കി കൊച്ചി സിറ്റി പൊലീസ്. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വിളിച്ചുചേർത്ത ബസ് ഉടമകളുടെ യോഗത്തിൽ തീരുമാനമായി.
ജീവനക്കാരുടെ ഫോട്ടോകൾ ശേഖരിച്ച് പശ്ചാത്തല പരിശോധന നടത്തിയ ശേഷമായിരിക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുക. 15 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി ജീവനക്കാർക്ക് ഐഡി കാർഡുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി 4 ദിവസത്തിന് ശേഷം കൊച്ചിയിൽ പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കും.
പാട്ടത്തിനെടുത്ത് സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും തിങ്കളാഴ്ച മുതൽ പ്രധാനമായും പരിശോധന നടക്കുക. ഇത്തരം ബസുകളിൽ ഉടമകൾക്ക് ജീവനക്കാരെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത സാഹചര്യമുള്ളത് പൊലീസ് ചൂണ്ടിക്കാട്ടി. ബസ് ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമെ സർവീസ് ആരംഭിക്കുന്നതിന് മുൻപ് ബസ് ടെർമിനലുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തും. സമയക്രമം പാലിക്കാനായി അമിതവേഗത്തിൽ വാഹനമോടിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 3 ദിവസങ്ങളിലായി കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും നേരെ സ്വകാര്യ ബസ് ജീവനക്കാർ അതിക്രമം നടത്തിയ സംഭവങ്ങൾക്ക് പിന്നാലെയാണ് പൊലീസ് നടപടികൾ കർശനമാക്കിയത്.
ജീവനക്കാരുടെ മോശം പെരുമാറ്റം യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും പുതിയ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.



