തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലൂടെ വിവാദങ്ങളിൽ നിറഞ്ഞുനിന്ന സ്വപ്നാ സുരേഷ് വീണ്ടും വിവാഹിതയായി. ‘സുമംഗലിയായി മരിക്കണം’ എന്ന വൈകാരികമായ ആഗ്രഹം പങ്കുവെച്ചുകൊണ്ടാണ് പുതിയ ജീവിതത്തിലേക്ക് കടന്ന വിവരം സ്വപ്ന ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കുടുംബബന്ധങ്ങളുടെ പ്രാധാന്യവും കുട്ടികൾക്ക് പകർന്നുനൽകേണ്ട മൂല്യങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാർട്ടിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് സ്വപ്നയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒരുമിച്ച് ജീവിക്കുക എന്നതിലുപരി, മക്കൾക്ക് സത്യവും ബഹുമാനവും ജീവിതത്തിലെ ശാശ്വത മൂല്യങ്ങളും പഠിച്ചെടുക്കാൻ കഴിയുന്ന ഒരു അഭയകേന്ദ്രം സൃഷ്ടിക്കാനാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു.
ഈ വിശുദ്ധബന്ധം മരണംവരെ നിലനിൽക്കണമെന്നും തന്റെ അവസാന യാത്ര സുമംഗലിയായിട്ടാകണമെന്നുമുള്ള ആഗ്രഹവും സ്വപ്ന പങ്കുവെച്ചു. അതിനായി എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും അവർ അഭ്യർഥിക്കുന്നു.
വിവാദങ്ങളും നിയമപോരാട്ടങ്ങളും ജയിൽവാസവുമടക്കമുള്ള സംഭവങ്ങൾക്കുശേഷം പൊതുജീവിതത്തിൽ നിന്ന് താരതമ്യേന അകന്നുനിന്ന സ്വപ്നയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
മുൻപ് രണ്ടുതവണ വിവാഹിതയായിട്ടുള്ള സ്വപ്നയ്ക്ക് രണ്ട് മക്കളുണ്ട്. എന്നാൽ പുതിയ ജീവിതപങ്കാളിയുടെ പേര്, വിവാഹം നടന്ന സ്ഥലം, തീയതി തുടങ്ങിയ വിവരങ്ങളൊന്നും അവർ പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടില്ല. വിവാഹചിത്രങ്ങളും പങ്കുവെച്ചിട്ടില്ല.
സ്വപ്നയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് ആശംസകളും പ്രാർത്ഥനകളും നേർന്നുകൊണ്ട് പ്രതികരിച്ചിരിക്കുന്നത്.

