ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നും വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബിജെപി ദേശീയ വക്താവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട ഹർജി നൽകിയിരിക്കുന്നത്.
പാർട്ടി ദേശീയ കൺവീനർ അഭിജീത് ദിപ്കെ, പ്രധാന നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെയും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും എതിർകക്ഷികളാക്കിയാണ് ഹർജി.
താൻ ഒരു വിവാദ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ‘മനോരോഗിയായ നക്സൽ’ എന്ന് വിശേഷിപ്പിച്ചുവെന്ന തരത്തിൽ ഒരു ടെലിവിഷൻ ചാനലിന്റെ ലോഗോയും ഫോണ്ടും ഉപയോഗിച്ച് നിർമിച്ച വ്യാജ വാർത്താ കാർഡ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാണ് ഗൗരവ് ഭാട്ടിയയുടെ ആരോപണം. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാർഡ് തയ്യാറാക്കിയതെന്നും ഹർജിയിൽ പറയുന്നു.
സിജെപി നേതാവ് സൗരവ് ദാസ് ഈ ഗ്രാഫിക് കാർഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശക്തമായത്. താൻ അത്തരമൊരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ലെന്നും തന്റെ പേരിൽ പൂർണമായും കെട്ടിച്ചമച്ച ഉള്ളടക്കമാണ് പ്രചരിപ്പിച്ചതെന്നും ആരോപിച്ച് ഭാട്ടിയ രംഗത്തെത്തി.
പോസ്റ്റ് പിൻവലിച്ച് 24 മണിക്കൂറിനകം പരസ്യമായി നിരുപാധികം മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെന്നാണ് ഭാട്ടിയയുടെ ആരോപണം. തുടർന്നാണ് കോടതിയെ സമീപിച്ചത്.
സിജെപി സംഘടിപ്പിച്ച ജന്തർ മന്തർ പ്രതിഷേധത്തിനിടെ വിദ്യാർഥി അവകാശ പ്രവർത്തകയും യൂട്യൂബറുമായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന് പരിക്കേറ്റ സംഭവത്തിൽ സ്വതന്ത്ര ഭരദ്വാജ് എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിലായതിന് പിന്നാലെയാണ് വ്യാജ വാർത്താ കാർഡ് പ്രചരിച്ചതെന്നാണ് ഹർജിയിലെ ആരോപണം.
സ്വതന്ത്ര ഭരദ്വാജിനെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ ബിജെപി നേതൃത്വം അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്ന പ്രതീതി സൃഷ്ടിക്കാനും ഗൗരവ് ഭാട്ടിയയുടെ പേരിൽ വ്യാജ പ്രസ്താവന പ്രചരിപ്പിച്ച് രാഷ്ട്രീയമായി ദോഷം വരുത്താനുമാണ് ശ്രമം നടന്നതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
തന്റെ വ്യക്തിപരമായ പ്രതിച്ഛായയ്ക്കും പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള വിശ്വാസ്യതയ്ക്കും ബിജെപി ദേശീയ വക്താവ് എന്ന ഔദ്യോഗിക സ്ഥാനത്തിന്റെ അന്തസ്സിനും കേടുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചതെന്നും ഭാട്ടിയ ആരോപിക്കുന്നു.
വ്യാജ ഉള്ളടക്കങ്ങളിലൂടെയും കൃത്രിമ രേഖകളിലൂടെയും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന പ്രവണതകൾക്ക് നിയമപരമായ മറുപടി നൽകുമെന്നും, തന്റെ മാന്യതയ്ക്കും സൽപ്പേരിനും കോട്ടം വരുത്തിയവർക്കെതിരെ കോടതിയിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഭാട്ടിയ വ്യക്തമാക്കിയിട്ടുണ്ട്.
ഹർജിയിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരത്തിന് പുറമെ, സമാനമായ ഉള്ളടക്കങ്ങൾ ഇനി പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള ശാശ്വത വിലക്കും ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടിട്ടുണ്ട്.



