തേനി: തേനി സബ് ജയിലിൽ നിന്ന് വാതിൽ തകർത്ത് കടന്നുകളഞ്ഞ തടവുകാർ പിടിക്കപ്പെട്ടതിന് പിന്നാലെ വിചിത്രമായ ന്യായീകരണവുമായി രംഗത്ത്. ജയിലിനുള്ളിൽ ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും, ഇത് നേരിട്ട് കോടതിയെ അറിയിച്ച് മുൻപാകെ കീഴടങ്ങാനാണ് ജയിൽ ചാടിയതെന്നുമാണ് പ്രതികളുടെ അവകാശവാദം.
കഴിഞ്ഞ ദിവസമാണ് അതീവ സുരക്ഷയുള്ള തേനി സബ് ജയിലിന്റെ പൂട്ട് തകർത്ത് പ്രതികൾ തമിഴ്നാട്-കേരള അതിർത്തി മേഖലയിലേക്ക് കടന്നുകളഞ്ഞത്. തുടർന്ന് തമിഴ്നാട് പോലീസും കേരള പോലീസും നടത്തിയ സംയുക്ത തെരച്ചിലിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന തടവുകാരെ കണ്ടെത്തി വീണ്ടും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിലാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഇവർ ഗുരുതരമായ ആരോപനങ്ങൾ ഉന്നയിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കടുത്ത പീഡനമാണ് ജയിലിനുള്ളിൽ അനുഭവിക്കുന്നതെന്നും, പരാതി നൽകിയാൽ കൂടുതൽ ഉപദ്രവിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് കോടതിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ജയിൽ ചാടിയതെന്നും പ്രതികൾ മൊഴി നൽകി.
എന്നാൽ, തടവുകാരുടെ ആരോപണങ്ങൾ ജയിൽ അധികൃതർ പൂർണ്ണമായി തള്ളി. ശിക്ഷയിൽ നിന്നും വിചാരണ നടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള വഞ്ചനാപരമായ ന്യായീകരണം മാത്രമാണിതെന്ന് പോലീസും വ്യക്തമാക്കി. സംഭവത്തിൽ ജയിൽച്ചാട്ടത്തിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

