ഇറാൻ പിന്തുണയ്ക്കുന്ന ഹൂതി സേന യെമന്റെ ചെങ്കടൽ തീരത്ത് പൂർണ നിയന്ത്രണം നേടിയതായി റിപ്പോർട്ട്. സർക്കാർ സേനയ്ക്കെതിരെ അതിവേഗ മുന്നേറ്റം നടത്തിയാണ് ഹൂതികൾ തന്ത്രപ്രധാനമായ തീരമേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തത്. ഇതിനിടെ സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇതിന് പിന്നാലെ പൈപ്പ്ലൈൻ സൗദി അറേബ്യ താൽക്കാലികമായി അടച്ചു. ഇറാഖിൽ നിന്നാണ് പൈപ്പ്ലൈന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥനയെ തുടർന്ന് ആക്രമണത്തിന് ഉടൻ തിരിച്ചടി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചിട്ടുണ്ട്. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യക്കുണ്ടെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളെ ഇറാഖ് സർക്കാർ അപലപിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. ഇറാന്റെ പിന്തുണയുള്ള നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന രാജ്യമാണ് ഇറാഖ്.

